ചെയ്തതും, ചെയ്യാത്തതും, ഒരിക്കല്‍ പോലും ചെയ്യാന്‍ വഴിയില്ലാത്തതും എല്ലാം കൂടി "ചെയ്തു" എന്ന് നീട്ടി പരത്തി ഉപന്യാസം സമര്‍പ്പിച്ചിട്ടും കഴിഞ്ഞ വര്‍ഷം കിട്ടിയത് എന്നത്തേയും പോലെ "average " .. ഉപദേശം ചോദിച്ചു..പഴയ സഖാവിനോട്.."മുതലാളിത്തത്തിന്റെ മുന്തിരിപ്പഴങ്ങള്‍ക്ക് വേണ്ടി ചാടാതെടാ" എന്ന് മറുപടി.."നീ നിന്നെ നല്ലവണ്ണം പ്രൊജക്റ്റ് ചെയ്യ്..ഐ മീന്‍ ഇന്‍ സച് എ വെ ദാറ്റ്..മറ്റാരും ചെയ്യാത്ത പോലെ.." അളന്നു മുറിച്ച ബഹുഭാഷാ വാക്കുകളെ ആംഗ്യ വിക്ഷേപങ്ങളോടെ അവതരിപ്പിച്ചു, വര്‍ഗ ബോധം ഉള്ള "ജയിക്കാനായി ജനിച്ചവന്‍.."
സങ്കടത്തെയും അമര്‍ഷത്തെയും ഏതാനും കുപ്പികള്‍ക്കൊപ്പം വലിച്ചെറിഞ്ഞു കൊടുത്ത് കാത്തിരുന്നു.. "job consultant" എന്ന ബ്രോക്കര്‍മാര്‍ക്ക് വേണ്ടി..ഓണ്‍ സൈറ്റ് എന്ന കിട്ടാക്കനിക്ക് വേണ്ടി..ഒടുവില്‍ വീണ്ടും ഇതാ അഗ്നി പരീക്ഷക്ക് മുന്‍പില്‍..എഴുതി..ഡിലീറ്റ് ചെയ്തു..വീണ്ടും എഴുതി..വീണ്ടും ഡിലീറ്റ് ചെയ്തു... നെടുവീര്‍പ്പിട്ടു...ഒരു മായാ സീതയെ സൃഷ്ടിക്കാന്‍..എന്നിട്ടീ തീയിലേക്ക് എറിഞ്ഞു കൊടുക്കാന്‍..കൈ നിറയെ ഗ്രേടുകളുടെയും നോട്ടുകളുടെയും കൂമ്പാരവുമായി അത് വരുന്നത് കാണാന്‍..
സ്വപ്നം കാണാന്‍ തുടങ്ങുന്നതിനു മുന്‍പേ അയല്‍ കസേരക്കാരന്റെ കീ ബോര്‍ഡിലെ കീകളുടെ ഞെരിഞ്ഞമരലുകള്‍ ഉണര്‍ത്തി..ഒളിഞ്ഞു നോക്കുന്നതിനു മുന്‍പേ സബ്മിറ്റ് അടിച്ചു ചിരിക്കുന്ന അവനോടു മടിച്ചാണെങ്കിലും ചോദിച്ചു.."ഒന്ന് നോക്കിക്കോട്ടേ, എന്താ എഴുതിയതെന്നു?" മക്കള്‍ക്ക് മുന്‍പില്‍ വില്‍പത്രം എരിഞ്ഞിട്റ്റ് ചിരിക്കുന്ന വയോധികന്റെ പോലെ കൈകള്‍ വിടര്‍ത്തി അവന്‍ എഴുന്നേറ്റു നിന്ന്..."യെസ്" എന്നും "നോ" എന്നും മാത്രം ഉള്ള ഉത്തരങ്ങളെ നോക്കി "സത്യസന്ധം" എന്ന് പറയാന്‍ തോന്നിയെങ്കിലും, "മണ്ടന്‍" എന്ന് മനസ്സില്‍ ഉരുവിട്ട് തിരിച്ചു ചിരിച്ചു..പിന്നീടാണ് അറിഞ്ഞത്, അത് അവന്റെ സ്ഥിരം പരിപാടി ആണെന്ന്..."വീട്ടില്‍ കൊറേ കാശ് കാണും"..വീണ്ടും വിജയിച്ചവന്റെ സാരോപദേശം, അവനെ പറ്റി പറഞ്ഞപ്പോള്‍..
അന്വേഷിച്ചറിഞ്ഞു..പിന്നെ ഒരു മാസത്തിനുള്ളില്‍ ബെഞ്ച് എന്ന തൊഴിലില്ലായ്മ കേന്ദ്രത്തില്‍ ഒരുമിച്ചിരുന്നപ്പോള്‍ അടുത്തറിഞ്ഞു..കാശ് പോയിട്ട് വീട്ടില്‍ ജപ്തി ചെയ്യാന്‍ ഒരു പിത്തള ചട്ടി പോലുമില്ലെന്ന്..
ഉപന്യാസത്തെ നോവല്‍ ആക്കി മാറ്റിയിട്ടും രക്ഷ ഉണ്ടായില്ല..."മാന്ദ്യം,കടുത്ത പ്രതിസന്ധി, യൂറോപ്പ്, ഗ്രീസ്.." മാനേജര്‍ ഭാര്യയുടെ പ്രസവ ദിവസത്തെക്കാള്‍ സമ്മര്ധത്തില്‍ ആയിരുന്നു...മുഖം വലിഞ്ഞു മുറുകി..കഴുത്തിലെ മുഴ കയറില്‍ കുടുങ്ങിയ പോലെ ഞെരിഞ്ഞമര്‍ന്ന്‍....
ഗ്രീസ്, പണ്ട് ഹിസ്ടറി ക്ലാസ് മുതലേ പ്രശ്നക്കാരന്‍ ആയിരുന്നു...അറിസ്ടോട്ടിലും, സോക്രട്ടീസും, റിപ്പബ്ലിക്കും...പ്രതീക്ഷയുടെ കിരണങ്ങള്‍ തുടച്ചു മിനുക്കി സൂക്ഷിക്കുന്ന അമേരിക്കയിലോട്ടു മുഖം തിരിച്ചു,,ഒബാമയും, റോംനിയും, സേവ് വാള്‍ സ്ട്രീറ്റും...എല്ലായിടത്തും പ്രശ്നങ്ങള്‍..ബുഷിനെ ഓര്‍ത്തു പോയി..വെള്ള ചിറകുകള്‍ വിരിച്ചു നിവര്‍ന്നു നിന്നിരുന്ന മാലാഖയെ..അന്തപുരത്തിലെ ദാരിദ്ര്യത്തെ മറന്നു ദൂരെയുള്ള ശത്രുവിന്റെ ദാമ്പത്യ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പുറപ്പെട്ട ധീരനെ...തിരിച്ചു വരൂ..മനസ്സ് അപേക്ഷിച്ചു..
ബെഞ്ചിലെ ജീവിതം ദുസ്സഹം ആയിരുന്നു..അനിശ്ചിതത്വത്തിന്റെ നാളുകളെ ആശങ്കകള്‍ കൊണ്ട് നേരിട്ട നാളുകള്‍...എന്നിട്ടും അവന്‍ അങ്ങനെ തന്നെ..കടം വാങ്ങി മദ്യപിച്ച്..പുകച്ചുരുളുകള്‍ക്കിടയില്‍ തമാശകളെ ഊതി വിട്ട്..തെരുവ് നായ്ക്കള്‍ക്ക് ബിസ്ക്കറ്റുകള്‍ വാങ്ങി കൊടുത്ത്...
"വെറും ജാഡ.." സ്ഥിരം കസേരയില്‍ അമര്‍ന്നിരുന്നു വിജയം ഒന്ന് കൂടി ഉറപ്പിച്ച ശേഷം ഭീതിയുടെ കനല്‍ കണ്ണുകളെ ഉള്ളിലേക്ക് തള്ളി വിട്ട അപരാജിതന്റെ അവജ്ഞയെ, എന്തോ, ഏറ്റു പിടിക്കാന്‍ ഇക്കുറി തോന്നിയില്ല..പിരിച്ചു വിടല്‍ എന്ന ലോകാവസാനത്തെ അതിജീവിച്ചു..ഒരായിരം പ്രാര്‍ഥനകളും നേര്‍ച്ചകളും കൊണ്ട്..എന്നിട്ടും അവന്റെ കയ്യില്‍ ആ കടലാസ് ചെന്ന് വീണപ്പോള്‍ അനീതിയുടെ അട്ടഹാസങ്ങളെ തിരിച്ചറിഞ്ഞു..മനസ്സിന്റെ ഇനിയും മരിക്കാത്ത ഏതോ ഒരു കോണ്‍ കൊണ്ട്....,,
"ഇനി എന്ത് ചെയ്യും?" അന്യന്റെ വ്യഥകളെ സ്വന്തം ആയി കരുതി ആശങ്ക കലര്‍ത്തി ചോദിച്ചു..വീണ്ടും ആ പഴയ ചിരി...
"പെഴ്സിലേക്ക് നോക്കിയിട്ടല്ലല്ലോ ജനിച്ചു വീണത് സുഹൃത്തേ..ബാങ്ക് ബാലന്‍സ് നോക്കിയിട്ടല്ലല്ലോ മരിക്കുന്നതും..ഇടക്ക് ജീവിക്കാനല്ലേ...നടന്നോളും.."
പത്രങ്ങളുടെ മരണ വിവര താളുകളില്‍ ആത്മ ഹത്യകളുടെ വിവരണങ്ങളില്‍ പരിചിതമായ ഒരു മുഖം പരതി..കുറെ നാള്‍...
ഉരുണ്ട ഭൂമി വീണ്ടും മറ്റൊരു സ്ഥിരം കസേരയില്‍ എത്തിച്ചു..ഒരിക്കല്‍ കൂടി അപ്രൈസല്‍ ഫോം നിറക്കാന്‍ ഇരിക്കുമ്പോള്‍ അറിയാതെ അടുത്ത കസേരയിലേക്ക് നോക്കി..ഇല്ല..ആ വെളുത്ത ചിരി കാണാനില്ല...അവന്‍ എവിടെ ആയിരിക്കും, എന്ത് ചെയ്യുക ആയിരിക്കും.. മൊബൈല്‍ ഫോണില്‍ നമ്പര്‍ തിരഞ്ഞു വിളിക്കാന്‍ ഒരുംപെടുന്നതിനു തൊട്ടു മുന്പ് കണ്ണുകളെ പിന്‍ തിരിപ്പിച്ചു..വിരലുകളെ കീ ബോര്‍ഡില്‍ മേയാന്‍ വിട്ടു കൊടുത്തു...മനസ്സിനെ കംപ്യൂട്ടറിന്റെ സ്ക്രീനില്‍ ബന്ധിച്ചു...
വേറൊന്നും കൊണ്ടല്ല..വിളിച്ചാല്‍ കടം വല്ലതും ചോദിച്ചാലോ?